ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
ആദ്യകാലത്ത് ചേര ഗോത്ര സംസ്കാരത്തിന്റെ തായ് വഴി ഇവിടെ നിലനിന്നിരുന്നു. രാജഭരണത്തിന്റെ ശക്തമായ തെളിവുകളാണ് മമ്മട്ടിക്കാനം ഭാഗത്തിനപ്പുറമുള്ള കുത്തുങ്കല്‍ വെള്ളച്ചാട്ടത്തിന് പിന്നിലെ ഗുഹയും, മമ്മട്ടിക്കാനം, എന്‍.ആര്.സിറ്റി, കള്ളിമാലി എന്നിവിടങ്ങളില്‍ കണ്ടുവരുന്ന മണ് ജാറകളും, കള്ളിമാലി പ്രദേശത്ത് ഇപ്പോഴുമുള്ള കല്ലറകളും മറ്റും. ഇവിടെ നിന്നും ഓടില്‍ തീര്‍ത്ത ചിലമ്പ്, ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച വാള് ഇവ കണ്ടെടുത്തിട്ടുണ്ട്. ഗോത്രസംഘട്ടനങ്ങള് ധാരാളമായി നടന്നിരുന്ന എ.ഡി 8-ാം നൂറ്റാണ്ടില്‍ ചേരമാന്‍ പെരുമാള്‍ ആഴ്വര്‍ രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ചേരമാന്‍ പെരുമാള്‍ ആഴ്വര്‍ രാജാവിന്റെ വംശത്തില്‍പ്പെട്ട ചേരചെങ്കുവന്റെ ഭരണസിരാകേന്ദ്രം നിലനിന്നിരുന്ന ഇവിടെ രാജക്കാട് എന്നും രാജപുത്രിയെ പാര്പ്പിച്ചിരുന്നിടം രാജകുമാരിയെന്നും സേനാനായകന്റെ അധീനതയിലുണ്ടായിരുന്നിടം സേനാപതിയെന്നും പില്ക്കാലത്ത് അറിയപ്പെട്ടു. ഭൂവിസ്തൃതിയില്‍ ഏറിയപങ്കും ചരിഞ്ഞ പ്രദേശങ്ങളാണ്. താഴ്വാരങ്ങള്‍ നെല്‍കൃഷിക്ക് പറ്റിയ വയലുകളായി മാറ്റിയിരിക്കുന്നു. പഞ്ചായത്തിന്റെ കിഴക്ക് തെക്കായി ഒഴുകുന്ന പന്നിയാറും പടിഞ്ഞാറ് തെക്കായൊഴുകുന്ന മുതിരപ്പുഴയാറുമാണ് പ്രധാന നദികള്‍. ഇടത്തരം തോടുകളും നീര്‍ച്ചാലുകളും ധാരാളമുള്ള പ്രദേശമാണ് രാജക്കാട്. ഈ പഞ്ചായത്തിന്റെ വടക്കുഭാഗം ചേര്‍ന്ന് കിഴക്ക് എന്‍. ആര്. സിറ്റി മുതല്‍ പടിഞ്ഞാറ് ഈറ്റക്കാനം വരെയുള്ള പ്രദേശം താരതമ്യേന ഉയരത്തില്‍ സ്ഥിതിചെയ്യുന്നതും സാമാന്യം ഫലഭൂയിഷ്ഠമായതും നീര്‍വാര്‍ച്ച കുറഞ്ഞ് കറുത്ത മണ്ണോടുകൂടിയതുമായ ചരിഞ്ഞ പ്രദേശമാണ്. രാജക്കാട് ടൌണ്‍, മുല്ലക്കാനം, പഴയവിടുതിയുടെ ഏതാനും ഭാഗങ്ങള്‍, കള്ളിമാലി എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം കുറച്ചു താഴ്ന്ന് സ്ഥിതിചെയ്യുന്നതും ഉപരിതലജല ലഭ്യത ധാരാളമായിട്ടുള്ളതുമാണ്. ഈ പ്രദേശത്ത് പൊതുവെ ചുവപ്പുനിറം കലര്‍ന്ന ചരല് മണ്ണാണുള്ളത്. കൊച്ചുമുല്ലക്കാനം, പനച്ചിക്കുഴി, പന്നിയാര്‍കുട്ടി, കള്ളിമാലിയുടെയും മമ്മട്ടിക്കാനത്തിന്റെയും ചില ഭാഗങ്ങള്‍ കലുങ്കുസിറ്റി, പൊന്മുടി, ആനപ്പാറ എന്നീ പ്രദേശങ്ങളും പഞ്ചായത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളാണെങ്കിലും ഭൂരിഭാഗവും കടുംതൂക്കായ ഭൂപ്രകൃതിയോടുകൂടിയവയാണ്.
കുടിയേറ്റചരിത്രം
1940-കളുടെ മദ്ധ്യത്തോടെ ദിവാന് സര് സി.പി.രാമസ്വാമിയുടെ കാലത്ത് തിരു-കൊച്ചിയില്‍ രൂക്ഷമായി വന്ന ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുവാന്‍ ആവിഷ്കരിച്ച ഊര്‍ജ്ജിത ഭക്ഷ്യോല്‍പ്പാദന പദ്ധതിപ്രകാരം റവന്യൂ കമ്മീഷണറായിരുന്ന എന്‍.എസ്.കൃഷ്ണപ്പിള്ള അനുവദിച്ച അലോട്ട്മെന്റ് ഭൂമി വിലക്കുവാങ്ങുന്നതിനും വനഭൂമി വെട്ടിപ്പിടിക്കുന്നതിനും വേണ്ടി മുഖ്യമായും മീനച്ചില്‍, തൊടുപുഴ, മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകള്‍ ഉള്‍പ്പെടെയുള്ള നാടന്‍ പ്രദേശങ്ങളില്‍ നിന്നും കര്‍ഷകരുടെ കുടിയേറ്റം ആരംഭിച്ചു. ആദ്യകാല കുടിയേറ്റക്കാര്‍ വന്യമൃഗങ്ങളോടും, മലമ്പനി, വസൂരി തുടങ്ങിയ മാരക രോഗങ്ങളോടും മല്ലടിച്ച് മരങ്ങളില്‍ നിര്‍മ്മിച്ച ഏറുമാടങ്ങളിലാണ് താമസിച്ചിരുന്നത്. തങ്ങളുടെ കൃഷി സംരക്ഷിക്കുന്നതിനായി വന്യമൃഗങ്ങളോടൊപ്പം ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ഇവര്‍ക്ക് നേരിടേണ്ടതായിവന്നു. നിത്യോപയോഗ സാധനങ്ങളും, ഔഷധങ്ങളും മറ്റും ആലുവ-മൂന്നാര്‍ റോഡിലെ ഇരുട്ടുകാനത്തുനിന്നും തലച്ചുമടായി എല്ലക്കല്ലില്‍ കൊണ്ടുവന്നതിനുശേഷം ചങ്ങാടത്തില്‍ മുതിരപ്പുഴയാര്‍ കടത്തി വീണ്ടും തലച്ചുമടായി വലിയകണ്ടമെന്നറിയപ്പെട്ടിരുന്ന ഇന്നത്തെ രാജക്കാട്ടില്‍ എത്തിക്കുകയായിരുന്നു പതിവ്. 1956-ല്‍ കുടി ഒഴിപ്പിക്കലിനെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ കാല്‍നടയായി വലിയകണ്ടത്തില്‍ നിന്നും കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് അവിസ്മരണീയമാണ്.
വികസനചരിത്രം
1950-കളുടെ ആദ്യം കുടിപ്പള്ളിക്കൂടങ്ങളുടെ രൂപത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ തുടങ്ങി. 1955-ല്‍ രാജക്കാട്ടില്‍ ഒരു ഗവണ്മെന്റ് എല്‍.പി.സ്കൂള്‍ അനുവദിക്കുകയും 1964-ല്‍ അത് ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. 1957-ല്‍ കുഞ്ചിത്തണ്ണി-രാജക്കാട് റോഡിലൂടെയുള്ള വാഹനഗതാഗതം ആരംഭിച്ചു. 1974-ല്‍ മൂവാറ്റുപുഴയില്‍ നിന്നും ദേവികുളം പൂപ്പാറവഴി രാജക്കാട്ടിലേക്ക് പി.പി.കെ.കമ്പനിവക ബസ് സര്‍വീസ് ആരംഭിച്ചു. 1963-ല്‍ ഇഞ്ചക്കവല (പൊന്മുടി), പന്നിയാര്‍ കണ്ടം എന്നിവിടങ്ങളില്‍ നിന്നും പൊന്മുടി ഡാം നിര്‍മ്മിക്കുന്നതിനായി കര്‍ഷകരെ കുടി ഒഴിപ്പിച്ചു. 1957-ല്‍ രാജക്കാട് വില്ലേജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. 1971-ല്‍ ഈ മേഖലയില്‍ പന്നിയാര്‍ കൂട്ടിയില് ആദ്യമായി വൈദ്യുതകണക്ഷന് ലഭിച്ചു. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍, സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങള്‍, ആശുപത്രികള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ രൂപം കൊളളുകയും, ഇവ ഗ്രാമപഞ്ചായത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു പോരുകയും ചെയ്തു. ഈ പഞ്ചായത്തിന്റെ വ്യാവസായിക ചരിത്രത്തിന് കുടിയേറ്റത്തോളം പഴക്കമുണ്ട്. കൃഷിയോടൊപ്പം ചെറുകിട വ്യവസായങ്ങളും ആരംഭിച്ചിരുന്നു. കാര്‍ഷികവിളകളായ ഇഞ്ചിപ്പുല്ല്, രാമച്ചം, കരിമ്പ് മുതലായവ വിളയിച്ച് സംസ്കരിക്കുന്നതിനായി കര്‍ഷകര്‍ യോജിച്ച് നടത്തിയിരുന്ന സംസ്കരണ യൂണിറ്റുകള്‍ മുന്‍പ് നിലനിന്നിരുന്നു. എന്നാല്‍ നാണ്യവിളകളുടെ ഉല്പാദനത്തിലുണ്ടായ മാന്ദ്യവും, വിപണിയിലെ വിലത്തകര്‍ച്ചയും മൂലം ഇത്തരം വ്യവസായങ്ങള്‍ കാലക്രമേണ നിന്നുപോവുകയാണുണ്ടായത്. രാജക്കാട് ഗ്രാമപഞ്ചായത്തില്‍ വ്യാപകമായി ജനങ്ങള്‍ താമസമാരംഭിച്ചിട്ട് അരനൂറ്റാണ്ടിലേറെയാകുന്നു. ജനങ്ങളിലേറെയും അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചവരാണെങ്കിലും ഉന്നതവിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യാഭ്യാസത്തിന്റേയും കാര്യത്തില്‍ വളരെ പിന്നോക്കമാണ്. ആദ്യകാലങ്ങളില്‍ ഗതാഗത സൌകര്യങ്ങളുടെ കാര്യത്തില്‍ വളരെയധികം പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമപഞ്ചായത്താണിത്. എല്ലാ ജാതിമത വിഭാഗത്തില്‍പ്പെട്ട ആളുകളും അധിവസിക്കുന്ന പ്രദേശമാണ് ഈ ഗ്രാമപഞ്ചായത്ത്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ളീം വിഭാഗങ്ങള്‍ ഇടകലര്‍ന്ന് വസിക്കുന്ന ഇവിടെ വിവിധമത വിഭാഗങ്ങളുടെ ഉത്സവങ്ങളും പെരുനാളുകളും തിരുനാളുകളും എല്ലാം വര്‍ഷംതോറും ആഘോഷപൂര്‍വ്വം കൊണ്ടാടാറുണ്ട്. എല്ലാ വിഭാഗം ആളുകളും എല്ലാ ആഘോഷപരിപാടികളിലും പങ്കെടുത്തു വിജയിപ്പിക്കാറുമുണ്ട്. ഇത് ഈ നാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ മുഖമുദ്രയാണ്.
പഞ്ചായത്തിലൂടെ
രാജക്കാട് - 2010
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ നെടുങ്കണ്ടം ബ്ളോക്കിലാണ് രാജക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. രാജക്കാട് വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്ന രാജക്കാട് പഞ്ചായത്തിന് 31.03 ച.കി.മീ. വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്കുഭാഗത്ത് രാജകുമാരി, സേനാപതി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വെള്ളത്തൂവല്‍ പഞ്ചായത്തും, തെക്കുഭാഗത്ത് കൊന്നത്തടി പഞ്ചായത്തും, വടക്കുഭാഗത്ത് ബൈസണ്‍വാലി പഞ്ചായത്തുമാണ്. 1996 സെപ്തംബര്‍ 20-ാം തിയതിയാണ് രാജക്കാട് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 14,984 വരുന്ന ജനസംഖ്യയില്‍ 7509 പേര് സ്ത്രീകളും, 7475 പേര് പുരുഷന്മാരുമാണ്. വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിട്ടു നില്ക്കുന്ന ഈ പഞ്ചായത്തിന്റെ സാക്ഷരതാനിരക്ക് 92.5% മാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന രാജക്കാട് ഗ്രാമപഞ്ചായത്ത് സമുദ്രനിരപ്പില്‍ നിന്നും ഉദ്ദേശം 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. മലയോര ഗ്രാമപ്രദേശമായ രാജക്കാട് പഞ്ചായത്തിലെ പ്രധാന കാര്‍ഷികവിളകളാണ് കുരുമുളക്, റബ്ബര്‍, കൊക്കോ, ഏലം, കാപ്പി, നെല്ല്, വാഴ, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ. പഞ്ചായത്തിന്റെ കിഴക്ക്-തെക്കായി ഒഴുകുന്ന പന്നിയാറും, പടിഞ്ഞാറ്-തെക്കൊഴുകുന്ന മുതിരപ്പുഴയാറുമാണ് പ്രധാന നദികള്‍. പൊന്മുടി ഡാമില്‍ നിന്നും, 19 കുളങ്ങളില്‍ നിന്നുമുള്ള ജലമാണ് കര്‍ഷകര്‍ കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്നത്. 19 പൊതുകിണറുകളും, 12 പൊതുകുടിവെളള ടാപ്പുകളുമാണ് ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ഭൂവിസ്തൃതിയുടെ ഏറിയ പങ്കും ചരിഞ്ഞ പ്രദേശമായ ഈ പഞ്ചായത്തിലെ പ്രധാന കുന്നുകളാണ് കുരങ്ങുപാറ, കനകകുന്ന്, പൊന്മുടി, ആനപ്പാറ, ഉണ്ടമല എന്നിവ. 120 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ റോഡുകളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. പ്രകൃതി വളരെ കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശമാണ് രാജക്കാട് പഞ്ചായത്ത്. പൊന്മുടി ഡാം, കുത്തുങ്കല്‍ വെള്ളച്ചാട്ടം, കനകക്കുന്ന്-കുരങ്ങുപാറ മലനിരകള്‍, ശ്രീനാരായണപുരം, വന്മരങ്ങള് നിബിഡമായി നില്ക്കുന്ന ഏലത്തോട്ടങ്ങളും ഇതുവഴി കടന്നുപോകുന്ന ആരുടേയും കണ്ണിനും കരളിനും കുളിര്‍മ നല്കുന്നവയാണ്. അടിമാലി-പൂപ്പാറ, കുമിളി-ബൈപ്പാസ് റോഡ്, രാജക്കാട്-നെടുങ്കണ്ടം റോഡ് എന്നീ പ്രധാനപ്പെട്ട റോഡുകള്‍ ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ 117 കി.മീ നീളത്തില്‍ റോഡുകളുണ്ടെങ്കിലും പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗത സൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. വിദേശയാത്രയ്ക്കായി പഞ്ചായത്തു നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. ആലുവ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. രാജക്കാട് ബസ് സ്റ്റാന്റ്, അടിമാലി ബസ് സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങള്‍. ഗതാഗത മേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍. പൊന്മുടി പാലം, ഞെരിപ്പാലം, പണിയാര്ക്കുട്ടി പാലം, കച്ചിറപ്പാലം, മുക്കുടിപാലം, കുത്തുങ്കല്‍ പാലം എന്നിവ ഇവിടുത്തെ പ്രധാന പാലങ്ങളാണ്. ഈ പഞ്ചായത്തിന്റെ വ്യാവസായിക ചരിത്രത്തിന് കുടിയേറ്റത്തോളം പഴക്കമുണ്ട്. കൃഷിയോടൊപ്പം, ചെറുകിട വ്യവസായങ്ങളും ആരംഭിച്ചിരുന്നു. പരമ്പരാഗത വ്യവസായങ്ങളായ കരകൌശലം, പപ്പട നിര്‍മ്മാണം, ചെറുകിട വ്യവസായങ്ങളായ പ്ളാസ്റ്റിക് വര്‍ക്ക്, ലോഹ ഉപകരണ നിര്‍മ്മാണം എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന വ്യവസായ യൂണിറ്റുകള്‍. ഇന്‍ഡ്യന്‍ ഓയില്‍ പെട്രോള്‍ ബങ്ക്, ഐശ്വര്യ ഗ്യാസ് ഏജന്‍സി എന്നിവയും പഞ്ചായത്തിലുണ്ട്. 13 റേഷന്‍കടകളും, ഒരു മാവേലിസ്റ്റോറും, ഒരു നീതിസ്റ്റോറും പഞ്ചായത്തിന്റെ പൊതുവിതരണരംഗത്ത് പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളാണ്. പഞ്ചായത്തിലുള്ള പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളാണ് രാജാക്കാട്, മുല്ലക്കാനം, പഴയവടുതി, കള്ളിമാലി എന്നീ സ്ഥലങ്ങള്‍. രാജക്കാട് ഒരു പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സും, ഒരു രാജശ്രീ സൂപ്പര്‍ മാര്‍ക്കറ്റും, കാര്‍ഷിക വിപണിയുമുണ്ട്. കള്ളിമാലി ഭദ്രകാളി ക്ഷേത്രം, ശ്രീനാരായണപുരം ശിവക്ഷേത്രം, രാജക്കാട് മഹാദേവക്ഷേത്രം, രാജക്കാട് ക്രിസ്തുരാജ് ഫെറോന ചര്‍ച്ച്, യാക്കോബായ സുറിയാനി പള്ളി, സെന്റ് മേരീസ് പള്ളി, മമ്മട്ടിക്കാനം ജുമാ മസ്ജിദ്, രാജക്കാട് ജുമാ മസ്ജിദ് എന്നിവ ഇവിടുത്തെ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളാണ്.
പഞ്ചായത്തിന്റെ സാംസ്ക്കാരിക പൈതൃകത്തിന്റെ മുഖമുദ്രയാണ് ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ഉത്സവങ്ങളും, തിരുന്നാളുകളും, പെരുന്നാളുകളും. ഈ പഞ്ചായത്ത് അതിര്‍ത്തിയില്‍ 4 ഗ്രന്ഥശാലകളാണുള്ളത്. മുല്ലക്കാനം പീപ്പിള്‍സ് ലൈബ്രറി, പഴയവിടുതി ഗ്രാമീണ ഗ്രന്ഥശാല, രാജക്കാട് ഭാഭാ മെമ്മോറിയല്‍ ഗ്രന്ഥശാല, എന്‍.ആര്.സി.റ്റി. ദേശീയവായനശാല എന്നിവയാണിവ. ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ഗവ.ആയുര്‍വ്വേദ ആശുപത്രി രാജക്കാട്, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എസ്.എല്‍. ആശുപത്രി, ഹോമിയോപ്പതി വിഭാഗത്തില്‍ ഒരു ചികിത്സാ കേന്ദ്രം, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവ പഞ്ചായത്തിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളാണ്. പി.എച്ച്.സി യുടെ 4 ഉപകേന്ദ്രങ്ങള്‍ എന്‍.ആര്. സിറ്റി, മമ്മട്ടിക്കാനം, കള്ളിമാലി, പനച്ചിക്കുഴി എന്നിവിടങ്ങളിലായും പ്രവര്‍ത്തിക്കുന്നുണ്ട്. രാജക്കാടിലുള്ള സി.എച്ച്.സി, കരുണാഭവന് എന്നിവ പഞ്ചായത്തിനുള്ളില്‍ ആംബുലന്‍സ് സൌകര്യം ലഭ്യമാക്കുന്നു. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ രാജക്കാട് ഒരു വെറ്റിനറി ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നുണ്ട്. 1950 കളുടെ ആദ്യം കുടിപ്പള്ളിക്കൂടങ്ങളുടെ രൂപത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ തുടങ്ങി. 1955-ല്‍ രാജക്കാട്ടില്‍ ഒരു ഗവ.എല്‍.പി. സ്ക്കൂള് ആരംഭിക്കുകയും, 1964-ല്‍ ഇത് ഹൈസ്ക്കൂളായി ഉയര്‍ത്തുകയും ചെയ്തു. 2010 ല്‍ എത്തി നില്ക്കുമ്പോള് സര്‍ക്കാര്‍ മേഖലയില്‍ 2 യു.പി. സ്ക്കൂളുകളും, ഒരു ഐ.ടി.ഐ യും സ്വകാര്യമേഖലയില്‍ 6 സ്കൂളുകളും, ഒരു കോളേജും പ്രവര്‍ത്തിക്കുന്നു. രാജക്കാടിലെ ‘കരുണാഭവന്’ അഗതിമന്ദിരം പഞ്ചായത്തിലുള്ള ഏക സാമൂഹ്യസ്ഥാപനമാണ്. ദേശസാല്‍കൃത ബാങ്കുകളായ യൂണിയന് ബാങ്ക്, ഫെഡറല്‍ ബാങ്ക്, 3 സഹകരണ ബാങ്കുകള്‍, മുത്തൂറ്റ്, ഐ.ഡി.സി.ബി എന്നീ സ്വകാര്യബാങ്കുകള്‍ എന്നിവ പഞ്ചായത്തിന്റെ സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. രാജക്കാടില്‍ ഒരു കമ്മ്യൂണിറ്റി ഹാള്‍, ഒരു കൃഷി ഭവന്, ഒരു പോലീസ് സ്റ്റേഷന്, ഒരു കെ.എസ്.ഇ.ബി ഓഫീസ്, ഒരു ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവയും 4 തപാല്‍ ആഫീസുകളും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുന്നു. ഇവകൂടാതെ 2 കൊറിയര്‍ സര്‍വ്വീസുകള്‍, അര്‍ച്ചന തിയേറ്റര്‍ എന്നീ സ്വകാര്യസ്ഥാപനങ്ങളും ഇവിടെയുണ്ട്. 115 കുടുംബശ്രീ യൂണിറ്റുകളും, 22 അംഗന്‍വാടികളും, ഒരു അക്ഷയകേന്ദ്രവും പഞ്ചായത്തിന്റെ ക്ഷേമകാര്യരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.